Thursday, 24 July 2008

മലപ്പുറം ശില്‍പ്പശാല-കേരള കൌമുദി റിപ്പോര്‍ട്ടുകള്‍
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരിച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം.

കുറുമാനെക്കുറിച്ചുള്ള പ്രത്യേക വാര്‍ത്ത ഒന്നാം പേജിലാണു ബോക്സായി കൊടുത്തത്:പക്ഷേ അതിന്റെ തലവാചകവും വാര്‍ത്തയുമായി ബന്ധമൊന്നും തോന്നുന്നില്ല.അല്ലേ?

ഈ റിപ്പോര്‍ട്ടുകല്‍ അയച്ചുതന്നത് നിലമ്പൂരിലെ സുഹൃത്തായ മനു പങ്കുളമാണു.അദ്ദേഹത്തിനു‍ നന്ദി.

Sunday, 13 July 2008

മലപ്പുറം ശില്‍പ്പശാല... ചിത്രങ്ങള്‍

എന്തുകൊണ്ടു ഒരു പുലിക്കൂട്ടം എന്നു തന്നെ വിശേഷിപ്പിക്കാം.ഏറനാടന്‍,തോന്ന്യസി,കുട്ടന്‍ മേനോന്‍,കുറുമാന്‍,മന്‍സൂര്‍. ബൂലോകത്തെ സൌഹൃദ ഭാഗ്യങ്ങള്‍ !

ബ്ലോഗാര്‍ത്ഥികള്‍ക്കു പുറമേ അനോണി പുലികളും ഇവര്‍ക്കിടയിലുണ്ട് !
കണ്ണൂരാന്റെ മൌസ് ക്ലിക്കില്‍ ... ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ സ്ക്രീനില്‍ കണ്ടറിയുന്നു.
മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ ആതിഥേയനായ ഇ.എ.ജബ്ബാര്‍ മാഷും, വലിയ പുള്ളി തുടങ്ങിയവര്‍... ബൂലോഗത്തിന്റെ ശക്തി സൌന്ദര്യങ്ങള്‍ മനസ്സിലാക്കിയ മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകന്‍‌കൂടിയായ ഡി.പ്രദീപ് കുമാര്‍. തന്റെ മനസ്സില്‍ കത്തിക്കൊണ്ടിരിക്കുന്ന നന്മയുടെ പ്രകാശത്തെ ബ്ലോഗാര്‍ത്ഥികളുമായി പങ്കുവക്കുന്നു.
ബ്ലോഗ് കുടുംബം. ഇതള്‍,സുനില്‍ കെ.ഫൈസല്‍,മൈന ഉമൈബാന്‍.
ശില്‍പ്പശാല സംഘാടന വാര്‍ത്തകള്‍ അപ്പപ്പോള്‍ ബ്ലോഗിലെത്തിക്കാനുള്ള സംഘാടകരുടെ ജാഗ്രത. ഡി. പ്രദീപ് കുമാര്‍,തോന്യസി,വി.കെ.,കണ്ണൂരാന്‍, മലബാറി സുനേഷ്, ബഷീര്‍, ആതിഥേയന്‍ വഹാബ്.
ഹൃദ്യമായ ഒത്തുകൂടലിന്റെ ധന്യ നിമിഷങ്ങളിലെ... മുഖവുരകള്‍ ആവശ്യമില്ലാത്ത ചര്‍ച്ച.
ബ്ലോഗാരംഭം..!! ഒരാള്‍ ബ്ലോഗാരംഭം കുറിക്കുംബോള്‍ മറ്റുള്ളവര്‍ അതു മറ്റു ബ്ലോഗാര്‍ത്ഥികള്‍ സ്ക്രീനില്‍ കണ്ടു മനസ്സിലാക്കുന്നു.
അപൂര്‍വ്വ നിമിഷങ്ങളുടെ സന്തോഷം. മലബാറി സുനേഷ്, കണ്ണൂരാന്‍, കുറുമാന്‍.
തന്റെ യുക്തിവാദപരമായ ആശയങ്ങള്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന മറ്റു വിവിധ വിശ്വാസക്കാര്‍ക്ക് വിലങ്ങുതടിയാകരുതെന്ന് പറഞ്ഞ് സ്വയം മാറിനിന്ന നന്മ നിറഞ്ഞ ജബ്ബാര്‍ മാഷ്.
ബ്ലൊഗ് ശില്‍പ്പശാലക്കുവേണ്ടി സംഘാടക പ്രവര്‍ത്തനത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ ആദ്യം മുതല്‍ ഓടിനടന്നു സഹായിച്ച മലപ്പുറത്തുകാര്‍ക്കെല്ലാം സുപരിചിതനായ ലൌലി ഹംസ ഹാജി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു ഇദ്ദേഹം. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ധാരാളം രസകരമായ ഹാസ്യ കഥകളുടെ ശേഖരം തന്നെ ഹംസ ഹാജിയുടെ മനസ്സിലുണ്ട്. പ്രിന്റു ചെയ്തതും,ചെയ്യാത്തതുമായ ആ കഥകള്‍ക്കായി നമുക്ക് കാത്തുനില്‍ക്കാം.
രാവിലെ 10 മണിക്ക് ശില്‍പ്പശാല സ്ഥലത്തെത്തിയ ധീരജ്(കണ്ണൂര്‍),ഡി.പ്രദീപ് കുമാര്‍(തൃശൂര്‍),ശിവ(തിരുവനന്തപുരം),സുനേഷ്(കൊയിലാണ്ടി),നിത്യന്‍ , കണ്ണൂരാന്‍, തോന്ന്യാസി(പെരിന്തല്‍മണ്ണ)...തുടങ്ങിയവര്‍.

മലപ്പുറം ബ്ലോഗ് ശില്‍പ്പശാല ആരംഭിച്ചു

അങ്ങിനെ മലപ്പുറം ശില്‍പ്പശാല ആരംഭിച്ചു കഴിഞ്ഞു. ചിത്രകാരന്റെ ആമുഖത്തിനു ശേഷം ഡി.പ്രദീപ് കുമാര്‍ എന്താണ് ബ്ലോഗ് എന്നതിനെക്കുറിച്ച് സംസാരിക്കുയാണ് ഇപ്പോള്‍.

ശില്പശാലയുടെ ചിത്രങ്ങളിതാ...ശില്പശാലയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
ബ്ലോഗ് അക്കാദമിയുടെ അഞ്ചാമത്തെ ശില്പശാലയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. മലപ്പുറത്തെ ഗ്രേസ് ഓഡിറ്റോറിയത്തില്‍ ഇപ്പോള്‍ നിത്യന്‍, ശിവ, ശിവയുടെ കൂട്ടുകാരന്‍ അനീഷ് (ബ്ലോഗാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും മലപ്പുറത്തെത്തിയിരിക്കുന്നു) തോന്ന്യാസി, ജബ്ബാര്‍ മാസ്റ്റര്‍, ചിത്രകാരന്‍, മലബാറി, കണ്ണൂരാന്‍, വഹാബ്, മലപ്പുറാന്‍ ,ദൃശ്യന്‍,കുട്ടന്മേനോന്‍, സുനില്‍.കെ.ഫൈസല്‍, മൈന ഉമൈബാന്‍ എന്നിവര്‍ എത്തിയിട്ടുണ്ടു.കുറുമാന്‍ കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തേക്ക് വന്നു കൊണ്ടേയിരിക്കുന്നു.കുറച്ചു ബ്ലോഗാര്‍ത്ഥികളും മുന്‍ കൂട്ടി ഹാളില്‍ എത്തിചേര്‍ന്നിട്ടുണ്ടു.അല്‍പ്പസമയത്തിനകം ശില്‍പ്പശാല ആരംഭിക്കും.
ബാക്കി വിശേഷങ്ങള്‍ പിന്നാലെ.


Monday, 7 July 2008

മലപ്പുറം ശില്‍പ്പശാല ഒരാഴ്ച്ച മാത്രം

മലപ്പുറം മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ പത്രക്കുറിപ്പുകള്‍ ഇന്നലെ (ഞായര്‍-6-7-08) പത്ര ഓഫീസുകളില്‍ നേരിട്ട് എത്തിച്ചതിന്റെ ഫലമായി കുറെ പത്രങ്ങളില്‍ ന്യൂസ് വന്നിരിക്കുന്നു. മലപ്പുറം കോട്ടപ്പടിയിലുള്ള ഗ്രേസ് റസിഡന്‍സിയിലാണ് ശില്‍പ്പശാല നടത്തപ്പെടുന്നത്. ജൂലായ് 13ന് ഉച്ചക്ക് 1.30 നാണ് ശില്‍പ്പശാല ആരംഭിക്കുക. വൈകീട്ട് 5 വരെ തുടരും. ശില്‍പ്പശാലക്ക് മുന്‍പ് ബ്ലോഗര്‍മാരുടെ സൌഹൃദ കൂടിച്ചേരല്‍ രാവിലെ 10 മണിക്കു തന്നെ ആരംഭിക്കുമെന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരും നേരത്തെ എത്തിച്ചേരുക.
ഇന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്കാന്‍ കോപ്പി ( വഹാബ് അയച്ചുതന്നത് -വഹാബ് കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയിലൂടെ ബൂലോകത്തെത്തിയ ബ്ലോഗറാണ്.)താഴെ കൊടുക്കുന്നു.

Friday, 27 June 2008

മലപ്പുറം ബ്ലോഗ് നേര്‍ച്ച ജൂലായ് 13 ന്.......പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,

സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ശേഷം കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവമായ അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്ക് തുടക്കം കുറിച്ച മലപ്പുറം ഇനി ബ്ലോഗാക്ഷരം കുറിക്കാന്‍ തുടങ്ങുന്നു. കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍,തിരുവനന്തപുരം എന്നീ ജില്ലകളിലെ ജൈത്രയാത്രയ്ക്ക് ശേഷം , കേരള ബ്ലോഗ് അക്കാദമി നേതൃത്വം നല്‍കുന്ന അഞ്ചാമത് ബ്ലോഗ് ശില്പശാല 2008 ജൂലായ് 13ന് മലപ്പുറത്തും നടത്തപ്പെടുകയാണ്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് ഓഡിറ്റോറിയമാണ് ശില്പശാലാ വേദി.

വഴി അറിയില്ലാ എന്നു പറഞ്ഞു വിഷമിക്കരുത്.
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവര്‍ ,കോട്ടപ്പടി ബസ് ബേയില്‍ ഇറങ്ങിയ ശേഷം അതേ റോഡിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ എതിര്‍വശത്തായി ബി.എസ്.എന്‍.എല്‍ ഓഫീസ് കാണാം അതിന്റെ തൊട്ടടുത്താണ് ശില്പശാലാ വേദിയായ ഗ്രേസ് ഓഡിറ്റോറിയം

അതല്ലെങ്കില്‍ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം കോഴിക്കോട് റോഡില്‍ നടന്നാലും സംഭവസ്ഥലത്തെത്തും.
ഓട്ടോറിക്ഷേലൊന്നും കേറാന്‍ നിക്കണ്ട,അതിനുള്ള ദൂരമൊന്നുമില്ല, ഇനി പത്തുരൂപ പൊടിച്ചേഅടങ്ങൂന്ന് വല്ല വാശീമുണ്ടെങ്കില്‍ ആവാംന്നു മാത്രം

പിന്നെ എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളും 10 മണിക്കു തന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുമല്ലോ?

ലാപ്ടോപ് ഉള്ളവര്‍ കൊണ്ടുവരാന്‍ മറക്കരുത്......

അപ്പോ മലപ്പുറം നേര്‍ച്ചയ്ക്ക് വെടിപൊട്ടിക്ക്യല്ലേ?

Saturday, 14 June 2008

ബ്ലോഗ് ശില്പശാല മലപ്പുറത്തും.............


പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ,
കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗിങ്ങ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോഗ് ശില്‍പ്പശാല മലപ്പുറത്തും നടത്തപ്പെടുകയാണ്. പൊതുജനത്തിന് പൊതുവെ അജ്ഞ്ഞാതമോ, അല്ലെങ്കില്‍ അറിയാന്‍ കൊതിക്കുന്നതോ ആയ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ പങ്കുവക്കുന്നതാണ് ശില്‍പ്പശാലാ പ്രവര്‍ത്തനം.

ബ്ലോഗര്‍മാരില്‍ പലരുമായും ബന്ധപ്പെട്ടപ്പോള്‍ രണ്ടാം ശനിയാഴ്ചക്കു ശേഷമുള്ള ഞായറാഴ്ച ആയാല്‍ കൂടുതല്‍
സൌകര്യപ്രദമായിരിക്കും എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അതനുസരിച്ച് ജൂലൈ 13-ന് ശില്പശാല നടത്തണമെന്നാണ്
ആഗ്രഹിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മലപ്പുറത്ത് നല്ലൊരു ടീം ഉരുത്തിരിഞ്ഞു വരികയും,ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായി നടത്താനുള്ള സംവിധാനം ഒരുങ്ങുകയും ചെയ്യും.

ഈ ശില്പശാല വളരെ നന്നായി നടത്തേണ്ടതിലേക്ക് എല്ലാ ബ്ലോഗര്‍മാരുടേയ്യും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ്.
അവ കമന്റുകളായി ഇവിടെ ചേര്‍ക്കുകയോ, മെയില്‍ അയക്കുകയോ ചെയ്യണമെന്ന് എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളോടും
അഭ്യര്‍ത്ഥിക്കുന്നു.സഹകരിക്കാന്‍ താത്പര്യമുള്ള ബ്ലോഗര്‍മാര്‍ തങ്ങളെ ബന്ധപ്പെടുവാനുള്ള നമ്പര്‍ സ്വകാര്യമായി കൈമാറുന്നതിന് താഴെയുള്ള ഏതെങ്കിലും അഡ്രസ്സില്‍ അയക്കുന്നത് കൂടുതല്‍ ഉപകാരപ്രദമായിരിക്കും


മെയിലുകള്‍ അയക്കേണ്ട വിലാസങ്ങള്‍:

1) blogacademy@gmail.com
2)prasanthchemmala@gmail.com
3)chithrakaran@gmail.com
4)ksali2k@gmail.com
5)suneshkrishnan@gmail.com
6)baburajpm@gmail.com
7)sunilfaizal@gmail.com

Tuesday, 8 April 2008

മലപ്പുറം ബ്ലോഗ് ശില്‍പ്പശാല

മലപ്പുറം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.